Latest News

ലോകകപ്പ്‌ ഫുട്‌ബോള്‍ - ക്വിസ്‌ മത്സരവും ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനവും നടത്തുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്‍റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്താകമാനം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12-ാം തീയതി എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ്‌ ക്വിസ്‌ മത്സരം സംഘടിപ്പിക്കും. 35 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ്‌ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യഥാക്രമം 7,000, 3,000, 2,000 രൂപ വീതം ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഫൈനല്‍ മത്സരത്തിന്‌ മുന്നോടിയായി സംസ്ഥാനതലമത്സരവും സംഘടിപ്പിക്കുന്നു. ക്വിസ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ അതാത്‌ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്‌.

ജൂണ്‍ 13-ാം തീയതി ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി സഹകരിച്ച്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ മുന്നോടിയായി എല്ലാ ജില്ലകളിലും ഘോഷയാത്രകള്‍ സംഘടിപ്പിക്കും.

സംസ്ഥാനത്തെ 500 യൂത്ത്‌ ക്ലബ്ബുകളുമായി സഹകരിച്ച്‌ ലോകകപ്പ്‌ ഫുട്‌ബോളിന്‍റെ സെമിഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ബിഗ്‌ സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിക്കും. യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്ലബ്ബുകള്‍ വഴി 250 കേന്ദ്രങ്ങളില്‍ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനത്തിനുള്ള സജ്ജീകരണങ്ങള്‍ ജില്ലാ യുവജനകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കും. കൂടാതെ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മത്സരങ്ങള്‍ ബിഗ്‌സ്‌ക്രീനിലൂടെ കാണുവാനുള്ള അവസരങ്ങള്‍ ഒരുക്കുന്നു. ഈ കേന്ദ്രങ്ങളില്‍ വച്ച്‌ യുവജനക്ഷേമ ബോര്‍ഡ്‌ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത യൂത്ത്‌ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ്‌ കിറ്റ്‌ വിതരണം നടത്തും.