Latest News

യൂത്ത്‌ കേരള എക്‌സ്‌പ്രസ്സ്‌ - ബ്രയിന്‍ സ്റ്റോമിംഗ്‌ സെഷന്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ യൂത്ത്‌ ക്ലബ്ബുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാനാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ യൂത്ത്‌ കേരള എക്‌സ്‌പ്രസ്സ്‌. വിവിധ മേഖലകളില്‍ ക്ലബ്ബുകള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടെത്തി   പൊതു സമൂഹത്തിന്‌   മുന്നില്‍  റിയാലിറ്റി ഷോയിലൂടെ   അവതരിപ്പിക്കുക എന്നതാണ്‌ യൂത്ത്‌  കേരള എക്‌സ്‌പ്രസ്സിലൂടെ ഉദ്ദേശിക്കുന്നത്‌. ഇതിനായി ക്ലബ്ബുകള്‍ വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 5 മിനിട്ട്‌ ദൈര്‍ഘ്യമുള്ള വീഡിയോയിലാക്കി ജില്ലാ യുവജന കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കുവാന്‍ പത്രങ്ങള്‍ മുഖേനയും ജില്ലാ യുവജന കേന്ദ്രങ്ങള്‍ മുഖേനയുടെ പ്രചരണം നല്‍കിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്ലബ്ബുകളില്‍ നിന്നും 110 അപേക്ഷകള്‍ ലഭിക്കുകയും വിദഗ്‌ധ സമിതി 100 ക്ലബ്ബുകളെ തെരഞ്ഞെടുക്കുകയും ചെയ്‌തു. തെരഞ്ഞെടുത്ത 100 ക്ലബ്ബുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക്‌ സോണല്‍ തലത്തില്‍ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രയിന്‍ സ്റ്റോമിംഗ്‌ സെഷന്‍ 2018 ആഗസ്റ്റ്‌ 13 ന്‌ തിരുവനന്തപുരം സ്റ്റുഡന്റ്‌സ്‌ സെന്ററില്‍ വച്ച്‌ നടത്തുകയുണ്ടായി. പ്രസ്‌തുത ബ്രെയിന്‍ സ്‌ട്രോമിംഗ്‌ സെഷനില്‍ പങ്കെടുത്ത ക്ലബ്ബുകള്‍ക്ക്‌ പ്രളയാനന്തര പ്രവര്‍ത്തനം, സ്‌ത്രീ ശാക്തീകരണം, കലാകായികം, സാംസ്‌കാരികം, മറ്റ്‌ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ടി ക്ലബ്ബുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 15 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയിലാക്കി സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്‌തുത വീഡിയോകള്‍ വിദഗ്‌ധ സമിതി പരിശോധിച്ച്‌ ഫൈനല്‍ മത്സരത്തിലേയ്‌ക്കുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതാണ്‌. ഫൈനല്‍ മത്സരം ഫെബ്രുവരി രണ്ടാം വാരം തിരുവനന്തപുരം ജില്ലയില്‍ വച്ച്‌ നടത്തുന്നതാണ്‌.