ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ്‌ നാം നേരിട്ടത്‌. ദുരന്തത്തെ നേരിടുന്നതില്‍ മലയാളികള്‍ കാണിച്ച ധീരതയും ഐക്യബോധവും ലോകത്തിനാകെ മാതൃകയാകുന്നു. രക്ഷാപ്രവര്‍ത്തനങ്ങളിലും, പുനരധിവാസത്തിലും ഇപ്പോള്‍ നാടിന്‍റെ  പുനര്‍നിര്‍മ്മാണത്തിനും കേരളീയ സമൂഹം ഒരേ മനസ്സോടെ നില്‍ക്കുന്നു.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌, ജില്ലാ യുവജനകേന്ദ്രങ്ങള്‍ മുഖേന ദുരന്തബാധിത പ്രദേശങ്ങളില്‍ സഹായങ്ങളും സേവനങ്ങളും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ നടപ്പിലാക്കിയിട്ടുണ്ട്‌്‌. വൈസ്‌ ചെയര്‍മാന്‍, ബോര്‍ഡ്‌ അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, ജില്ലാ ഓഫീസര്‍മാര്‍, ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍, എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത്‌ ക്ലബ്ബുകള്‍, യുവാക്ലബ്ബുകള്‍, തുടങ്ങിയവരുടെ സഹകരണത്തോടെയാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്‌. 
ദുരന്തമുഖത്ത്‌ കണ്ട ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക്‌ നിര്‍വഹിക്കാന്‍ ആരും ആവശ്യപ്പെടാതെ തന്നെ യുവജനങ്ങള്‍ രംഗത്തിറങ്ങി എന്നുള്ളതാണ്‌. അതില്‍ തന്നെ പുതുതലമുറയിലെ യുവതീ-യുവാക്കളുടെ കടന്നുവരവ്‌ ശ്രദ്ധേയമായിരുന്നു. ആയിരക്കണക്കിന്‌ ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസത്തിനായുള്ള ഉല്‍പ്പന്നങ്ങളുടെ കളക്ഷന്‍ സെന്‍റുകള്‍, വോളന്‍ന്ററിയര്‍ പ്രവര്‍ത്തനങ്ങളില്‍, ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു. ഫെയ്‌സ്‌ബുക്കും, വാട്ട്‌സ്‌ആപ്പും അടക്കമുള്ള നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും വിവരങ്ങള്‍ കൈമാറുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും യുവാക്കള്‍ മുന്‍കൈയെടുത്തു. നാട്‌ ഇതുപോലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ച പശ്ചാത്തലത്തില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ചെറുപ്പക്കാരുടെ വിവരശേഖരണം പ്രധാനമാണ്‌. സമയബന്ധിതവും വേഗതയോടുകൂടിയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഇത്‌ ഏറെ സഹായിക്കും. ദുരന്തത്തെ നേരിടാന്‍ രംഗത്തിറങ്ങിയ ചെറുപ്പക്കാരുടെ തുടര്‍ പ്രവര്‍ത്തനവും പ്രസക്തമാണെന്ന്‌ സമൂഹം കരുതുന്നു. ഈ അനുഭവങ്ങളില്‍ നിന്നുകൊണ്ട്‌്‌ നാടിന്റെ സമ്പത്തായ യുവാക്കളെ ചേര്‍ത്ത്‌ പിടിച്ച്‌ കേരളത്തിന്‌ സ്വന്തമായൊരു സന്നദ്ധസേവന സേന ഉണ്ടാവണം എന്ന്‌ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ ആഗ്രഹിക്കുന്നു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യ നിര്‍മ്മാര്‍ജനം, പാലിയേറ്റീവ്‌ പ്രവര്‍ത്തനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു വോളന്റിയര്‍ സേനയെ ഒരുക്കുകയാണ്‌ ലക്ഷ്യം. ഇതുവഴി സന്നദ്ധസേവന രംഗത്ത്‌ തല്‍പരരായ ചെറുപ്പക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വോളന്റിയര്‍ സേനയില്‍ അംഗങ്ങളായവര്‍ക്ക്‌ താല്‍പര്യമുള്ള വിവിധ മേഖലകളില്‍ പരിശീലനം നല്‍കി അവരെ സജ്ജരാക്കാനും സാധിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിഭവങ്ങളും സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ നിന്നുമായി ഒരു ലക്ഷം യുവതീ-യുവാക്കളെയാണ്‌ അംഗങ്ങളാക്കാന്‍ ഉദ്ദേശിക്കുന്നത്‌. 

യൂത്ത്‌ വോളന്റിയര്‍ ഫോഴ്‌സിന്റെ എന്‍റോള്‍മെന്റിന്‌ സെപ്‌റ്റംബര്‍ 28 ന്‌ തുടക്കം കുറിച്ചു.15 നും 30 നുമിടയിലുള്ള യുവതീ-യുവാക്കള്‍ക്ക്‌ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സില്‍ അംഗങ്ങളാകാന്‍ സാധിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ്‌ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ രൂപീകരിക്കുന്നത്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക്‌: http://volunteer.ksywb.in

ഇത്തരം ഒരു സേനയില്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനും ഈ സേനയുടെ പ്രാധാന്യം പൊതുജനമധ്യത്തില്‍ പ്രചരിപ്പിക്കുന്നതിനുമായി നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌.

ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ രൂപികരണത്തിനു ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌,, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പാലിയേറ്റീവ്‌ പ്രവര്‍ത്തനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം, സര്‍വ്വേകള്‍, രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ നല്‍കല്‍ എന്നിവയാണ്‌ ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്‌.

സേനയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ പ്രചരണാര്‍ത്ഥം നവംബര്‍ 29 ന്‌ കാസര്‍ഗോഡ്‌ നിന്ന്‌ ആരംഭിച്ച്‌ ഡിസംബര്‍ 18 ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കുന്ന രീതിയില്‍ Drive a thon എന്ന പേരില്‍ ഒരു പ്രചരണ കലാപരിപാടി സംഘടിപ്പിക്കുന്നു. ഈ കലാപരിപാടിയുടെ ഒരു പ്രദര്‍ശനം മാധ്യമങ്ങള്‍ക്കായി നവംബര്‍ 28-ാം തീയതി രാവിലെ 10.30 മണിക്ക്‌ കനകക്കുന്നിന്‌ മുന്‍വശത്ത്‌ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 ന്‌ 4.30 മണിക്ക്‌ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ കേരളത്തിലെ വോളന്റിയര്‍ സേനയുടെ ഔദേ്യാഗിക പ്രഖ്യാപനം നടത്തും.

Photogallery  volunteer.ksywb.in  Details